കഥ 4 - സ്ഥിരതയില്ലാത്തവൻ 2
സ്ഥിരതയില്ലാത്തവൻ 2 വിവിധ ഇടങ്ങളിൽ ചെന്ന് വിവിധ ഭാഗത്ത് വിവിധ മുറിവുമായി വരുന്ന എന്നെ കണ്ട എന്റെ അമ്മ എന്നെ ഒരു നോട്ടം നോക്കി. ഏതൊരു ധീരനും ആ നോട്ടം കണ്ടാൽ ഭയന്നു പോകും. 'നിന്റെ കഥ കഴിഞ്ഞടാ' എന്ന് എന്റെ അനിയൻ ഉറക്കെ പറയുന്നു. പെട്ടെന്നാണ് ദൈവത്തെപ്പോലെ അച്ഛൻ അടുത്തേക്ക് വന്നത്. എന്താണ് പ്രശ്നമെന്ന അച്ഛന്റെ ചോദ്യത്തിന് എന്റെ അറിവില്ലാതെ അനുവാദവും ചോദിക്കാതെ ഇവൻ എവിടെയൊക്കെയോ പോയി ദേ മുറിവുകളുമായി വന്നിരിക്കുന്നുവെന്ന് അമ്മ മറുപടി പറഞ്ഞു. തല ഉയർത്താൻ എനിക്ക് കഴിഞ്ഞില്ല. എനിക്ക് ഒരുപാട് അറിവ് കിട്ടി അച്ഛാ എന്ന് തല ഉയർത്താതെ ഞാൻ പറഞ്ഞു. അറിവാണോ മുറിവാണോ കൂടുതൽ കിട്ടിയത് എന്ന അമ്മയുടെ ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു. ശബ്ദം കേൾപ്പിക്കാതെ അനിയൻ എന്നെ നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്നു. എവിടേക്കാണ് ഞാൻ പോയത് എന്ന അച്ഛന്റെ ചോദ്യത്തിന് വീട്ടിൽ എന്ന് ഞാൻ മറുപടി കൊടുത്തു. ഈ കാണുന്ന ഇലകളുള്ള മരങ്ങളും കുറ്റിച്ചെടികളും വള്ളിച്ചെടികളുമാണ് നമ്മുടെ വാസസ്ഥലമെന്നും ഈ ചൂടും ഈർപ്പവുമുള്ള മര-ചെടി പ്രദേശങ്ങൾ മറികടന്നു എന്തിനാടാ നീ മനുഷ്യർ വസിക്കുന്ന വീട്ടിനുള്ളിൽ പോയതെന്ന് അമ്മ വളരെ ദേഷ്യത്...