കഥ 1 - സ്ഥിരതയില്ലാത്തവൻ
സ്ഥിരതയില്ലാത്തവൻ
എപ്പോഴും അമ്മ പറയുന്നത് മാത്രം അനുസരിക്കുക എന്ന കാര്യത്തിൽ ഞാൻ ഒരിക്കലും യോജിക്കുന്നില്ല. ഞാൻ ഇപ്പോഴും എപ്പോഴും ചെറുതാണെന്നാണ് അമ്മ പറയുന്നത്. ഞാൻ മാനസികമായും ശാരീരികമായും വളരെ ചെറുതാണെന്നാണ് അമ്മയുടെ വാദം. എന്റെ വർഗ്ഗത്തിൽ പെട്ടവരുടെയും മറ്റു ചില വർഗ്ഗത്തിൽ പെട്ടവരുടെയും വാസസ്ഥലം ഞാൻ സന്ദർശിച്ചിട്ടുണ്ട്. എന്നാൽ മനുഷ്യവർഗ്ഗം വസിക്കുന്ന 'വീട്' എന്നതിന്നുള്ളിൽ ഞാൻ ഇതുവരെ സന്ദർശിച്ചിട്ടില്ല. അമ്മയോട് അനുവാദം ചോദിച്ചാൽ ഒരിക്കലും സമ്മതിക്കില്ലായെന്നെനിക്കറിയാം. അതിനാൽ അമ്മയുടെ അറിവില്ലാതെയാണ് ഈ പുറപ്പാട്.
വീട്ടിലെത്താൻ അധികസമയമൊന്നും എനിക്കാവശ്യമില്ല. വീട്ടുമുറ്റത്ത് നട്ടിരുന്ന മൈലാഞ്ചി ചെടിയരികിൽ ഞാൻ ഒളിച്ചു നിന്നു. പതിയെ പതിയെ ഞാൻ വീട്ടുപടിവാതിൽക്കൽ എത്തി. വേഗതകൂട്ടി ഉള്ളിൽ ഞാൻ പ്രവേശിച്ചു. പ്രവേശിച്ചതും പെട്ടെന്ന് വ്യത്യസ്തമായ നാലു വിളികൾ ഞാൻ കേട്ടു. നിലവിളിയാണെങ്കിലും ഞാൻ ഭയന്നില്ല. ഉടനെ ആ നാലുപേരിൽ ഒരാൾ ഒരു വടിയെടുത്ത് എന്നെ തല്ലാൻ നോക്കി. വേഗത കൂട്ടി പല ഇടങ്ങളിലും ഞാൻ ഒളിച്ചും കളിച്ചും ചിരിച്ചും ഓടിച്ചാടി. പെട്ടെന്നാണ് ഒരു കാര്യം എന്റെ ഓർമ്മയിലേക്ക് പാഞ്ഞെത്തിയത്, 'ഇവർ മനുഷ്യരാണ്'. ആ കാര്യം എന്നെ വളരെ ഭയപ്പെടുത്തി. ചിരിയും കളിയും ഞാനറിയാതെ കഴിഞ്ഞു. എന്നാൽ വേഗതകൂട്ടി അവരറിയാതെ ഒരിടത്ത് ഞാൻ ഒളിച്ചു. അവർ എന്നെ ഒരിക്കലും കണ്ടുപിടിക്കില്ലായെന്ന് ഞാൻ വിശ്വസിച്ചു. എന്നാൽ ഇതുവരെയും അവർ തിരച്ചിൽ നിർത്തിയില്ല. പല ഇടങ്ങളിലും അവർ വന്നുനോക്കി പോകും. ഇടയ്ക്കിടെ ശൂ ശൂ എന്നെന്നെ വിളിക്കുന്നതും കേൾക്കാം. ഒരുപാട് നേരം ഇതേ ഇടത്ത് തന്നെ ചൂടുകാരണം എനിക്ക് ഒളിച്ചിരിക്കാൻ സാധിക്കുന്നില്ല. അതിനാൽ പതിയെ പതിയെ അവർ എന്നെ തിരഞ്ഞു കഴിഞ്ഞ ഇടങ്ങളിൽ ഞാൻ പോയിക്കൊണ്ടിരുന്നു.
ചിലവഴിക്കുന്ന ഓരോ ഇടങ്ങളിൽ നിന്ന് അവർ തമ്മിലുള്ള സംഭാഷണങ്ങൾ ഞാൻ കേട്ടുകൊണ്ടിരുന്നു. ഞാൻ പോയിക്കാണുമെന്ന് നാലിലൊരാളായ സ്ത്രീ പറയുന്നു. എന്നാൽ മറ്റു മൂന്നുപേർ തിരച്ചിൽ അവസാനിപ്പിക്കുന്നില്ല. രണ്ടു പേർ ശേഷം ഞാൻ പോയി കാണുമെന്ന് വിശ്വസിക്കുന്നു. പെട്ടെന്ന് ഒരാൾ ഞാൻ ഒളിച്ചിരിക്കുന്ന ഇരുണ്ട ഇടത്ത് വന്നു. എന്നെ കണ്ടെത്തി എന്ന് ഞാൻ കരുതി. അയാൾ അവിടെ തന്നെ നോക്കിക്കൊണ്ടിരുന്നു. ആശയകുഴപ്പത്തിലായ അയാൾ അവസാനം തിരച്ചിൽ അവസാനിപ്പിക്കുന്നു. എല്ലാവരും തിരച്ചിലൊക്കെ അവസാനിപ്പിച്ച് പല ഇടങ്ങളിൽ ഇരിക്കുന്നു.
മൂന്നു പേരും ഒന്നും ചെയ്യാതെയിരിക്കുന്നത് കണ്ട് ആ സ്ത്രീ ഞാൻ പോയിക്കാണില്ലായെന്നും ഒന്നും കൂടെ തിരയാൻ ആവശ്യപ്പെടുന്നു. പെട്ടെന്ന് മൂന്നുപേരിൽ ഒരാൾ എഴുന്നേറ്റ് ദേഷ്യത്തോടെ ആ സ്ത്രീയെ എന്നെപ്പോലെയാണെന്ന് തീർത്തു ഉറക്കെ പറയുന്നു. അതുകേട്ട് മറ്റു രണ്ടു പേർ ശബ്ദം കാണിക്കാതെ ചിരിക്കുന്നു. സ്ത്രീ ഒരു മറുപടിയും പറയാതെ ആ കാര്യം അംഗീകരിച്ചു മട്ടിൽ നിൽക്കുന്നു. ആ സ്ത്രീയെ കാണാൻ എന്റെ വർഗ്ഗത്തിൽപെട്ട ഒരാളുടെയും ഒരു ചായയും എനിക്ക് തോന്നുന്നില്ല. അയാൾ എന്തുകൊണ്ടായിരിക്കും അങ്ങനെ പറഞ്ഞതെന്ന് ഞാൻ ചിന്തിച്ചുകൊണ്ടിരുന്നു. ഒരാൾ ദേഷ്യത്തിൽ പറയുകയും മറ്റൊരാൾ അത് കേട്ട് വിഷമം കാണിക്കുന്നതും മറ്റു ചിലർ അത് കേട്ട് ചിരിക്കുന്നതും ഞാൻ കണ്ടു. എന്നാൽ എനിക്ക് ആശ്ചര്യം ആണ് തോന്നിയത്.ഒരു സന്ദർഭത്തിൽ തന്നെ പല മനുഷ്യർക്കും പല വികാരങ്ങളാണ് ഉണ്ടാക്കുകയെന്ന് എനിക്ക് മനസ്സിലായി. ശേഷം ഞാൻ മറ്റൊരു ഇടത്ത് ചെന്ന് ഒളിച്ചിരിക്കാൻ പോയതും നാലിലൊരാളായ സ്ത്രീ എന്നെ കണ്ടു. മറ്റുളളവരെയും അറിയിച്ചു ഒരു കനം കൂടിയ വടിയെടുത്ത് എന്റെമേൽ എറിഞ്ഞു. അവരുടെ ഉന്നം തെറ്റിയില്ല, വടി എന്റെ വാലിൽ തന്നെ വന്ന് കൊണ്ടു. വേദന വലുതായി അനുഭവപ്പെട്ടുവെങ്കിലും എന്റെ വാലിന്റെ നിറമൊന്നും മാറിയില്ല.
വേഗത്തിൽ അവിടെ നിന്ന് രക്ഷപ്പെടാൻ തന്നെ ഞാൻ പരിശ്രമിച്ചു. 'വീട്' എന്നത് കൊള്ളാമെങ്കിലും അതിനകത്ത് വസിക്കുന്നവർ ആ വീട് പോലെ അല്ലായെന്ന സത്യം ഞാൻ മനസ്സിലാക്കി. പെട്ടെന്ന് ഒരാൾ എന്നെ കരസ്ഥമാക്കി - എതിനോ ഉള്ളിൽ ആ വടികൊണ്ട് എന്നെ അതിലേക്ക് ഇട്ടു. മറ്റൊരാൾ എന്റെ അമ്മ അവിടെ ഉണ്ടെന്നും എന്നെ അമ്മയുടെ അടുക്കൽ കൊണ്ടുവിടാണമെന്നും അയാളോട് പറയുന്നു. എന്നാൽ മറ്റൊരാൾ എന്റെ കഥ അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നു. എന്റെ കഥ അവസാനിപ്പിക്കാൻ എന്നെ കരസ്ഥമാക്കിയ ആൾ തീരുമാനിക്കുന്നില്ല.അതിനാൽ എല്ലാ മനുഷ്യവർഗ്ഗവും ഒരുപോലെയാണ് എന്നതിൽ ഞാൻ ഒരിക്കലും യോജിക്കുന്നില്ല. ശേഷം അയാൾ എന്നെ എന്റെ അമ്മയുടെ അടുക്കൽ കൊണ്ടുപോവാൻ പോകുന്നു. പെട്ടെന്ന് തലയ്ക്ക് സ്ഥിരതയില്ലാത്തവൻ എന്ന് ആ സ്ത്രീ അയാളെ വിശേഷിപ്പിക്കുന്നു. എന്നാൽ എന്റെ അമ്മയാണ് എന്ന് കരുതി അയാൾ ജാക്സൺ ചേട്ടന്റെ അടുക്കൽ കൊണ്ട് എന്നെ കൊടുക്കുന്നു. ശേഷം ചെറുചിരിയും എനിക്ക് തന്ന് അയാൾ അപ്രത്യക്ഷമാകുന്നു. എന്റെ അമ്മയ്ക്കും ബന്ധുവർഗ്ഗങ്ങൾക്കും ജാക്സൺ ചേട്ടനെ വളരെ പേടിയാണ്. ഉപദ്രവമാണ് ചേട്ടന്റെ പ്രധാന തൊഴിൽ. എന്റെ വാലിന് മുറിവ് പറ്റി. ഇനി അവിടെയൊക്കെയാണ് എനിക്ക് മുറിവ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കറിയില്ല. ഉപദ്രവിക്കും അത് ഉറപ്പ. പെട്ടെന്നാണ് ആ സ്ത്രീ വരുന്നത് ഞാൻ കാണുന്നത്. ആ കനം കൂടിയ വടിയും കൈയിലേന്തി ഇനിയും എന്റെ വീട്ടിൽ കയറാനാണോ നിന്റെ ഭാവമെന്ന് പറഞ്ഞുകൊണ്ട് ആ സ്ത്രീ ഓടി വന്നു. അവരുടെ ഉന്നം ഇത്തവണയും തെറ്റിയില്ല. വടി ജാക്സൺ ചേട്ടന്റെ തലയിൽ തന്നെ വന്ന് കൊണ്ടു. സ്വയരക്ഷയ്ക്കായി എനിക്ക് മറ്റൊരു വീട്ടിലേക്ക് കയറേണ്ടി വന്നു.
ആദ്യം സന്ദർശിച്ച വീടിനെക്കാൾ ചെറുതായിരുന്നു ഈ വീട്. അധികം വെളിച്ചവും ഇവിടെയില്ല. രണ്ട് സ്ത്രീകളാണ് ഈ വീട്ടിലുള്ളത്. അവർ തമ്മിൽ സംസാരിക്കുന്നുണ്ടെങ്കിലും ശാന്തത പുലർത്തിയിരുന്നു. വളരെ മൃദുവായിട്ടുള്ള സംഭാഷണങ്ങൾ. അവർ ഇതുവരെയും എന്നെ കണ്ടിട്ടില്ല. ഒരു സ്ത്രീ മറ്റെ സ്ത്രീയെ 'അമ്മ' എന്ന് വിളിക്കുന്നത് ഞാൻ കേട്ടു. അമ്മയോട് അനുവാദം ചോദിച്ചിട്ട് ആ മകൾ വേറൊരു മുറിയിലേക്ക് ഉടനെ പോകുന്നു. എന്നാൽ മിനിറ്റുകൾ ഇടവിട്ട് ആ അമ്മ മകളെ മകളെ എന്ന് വിളിക്കുന്നു. ആ അമ്മയുടെ വിളി വന്നുകൊണ്ട് എന്റെ മനസ്സിൽ ആയിരുന്നു. അനുവാദം വാങ്ങി അടുത്തുള്ള ഇടത്ത് പോയ മകളെ അമ്മ പലപ്പോഴും അന്വേഷിക്കുന്നു. അനുവാദം വാങ്ങാതെ ഇപ്പോൾ എവിടെയാണ് ഞാൻ ഉള്ളത് എന്ന് അറിയാതെ എന്റെ അമ്മ ഇപ്പോൾ എന്നെഅന്വേഷിക്കുന്നുണ്ടാകുമെന്ന സത്യം എന്നെ വേദനിപ്പിച്ചു. പെട്ടെന്ന് ആ ഇടത്ത് നിന്ന് അമ്മയുടെ അടുത്തേക്ക് ആ മകൾ നടന്നു വരുന്നു. എന്നെ ആ സ്ത്രീ കണ്ടെത്തി എന്ന് ഞാൻ കരുതി. എന്നാൽ ആ സ്ത്രീയെ ആശയകുഴപ്പത്തിലാക്കാൻ ഞാൻ ശ്രമിച്ചു.എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു. ആ മകൾ എന്റെ പുറകിൽ ചവിട്ടിയാണ് കടന്നു പോയത്. വേദനകാരണം നിലവിളിച്ചാണ് അവിടെനിന്ന് ഞാൻ രക്ഷപ്പെട്ടത്. ആ മകളുടെ കാഴ്ചശക്തിയെ പറ്റി ആലോചിക്കുമ്പോൾ എനിക്ക് ആശ്ചര്യം തോന്നുന്നു. അതിനേക്കാൾ ആശ്ചര്യമാണ് എനിക്ക് ഈ വീട്ടിൽ വന്നപ്പോൾ എനിക്ക് ആദ്യം തോന്നിയത് എല്ലാ വീടുകളും വീട്ടുകാരും ഒരുപോലെയല്ല എന്ന കാര്യം. സമയം കളയാതെ ഞാൻ എന്റെ വാസസ്ഥലത്തേക്ക് മടങ്ങി. വിവിധ ഇടങ്ങളിൽ ചെന്ന് വിവിധ ഭാഗത്ത് വിവിധ മുറിവുമായി വരുന്ന എന്നെ കണ്ട എന്റെ അമ്മ എന്നെ ഒരു നോട്ടം നോക്കി. ഏതൊരു ധീരനും ആ നോട്ടം കണ്ടാൽ ഭയന്നു പോകും. 'നിന്റെ കഥ കഴിഞ്ഞടാ 'എന്ന് എന്റെ അനിയൻ ഉറക്കെ പറയുന്നു.
Comments
Post a Comment